History

PDM History

ആമുഖം
കാലഘട്ടത്തിൽ അനിവാര്യമായ നവസുവിശേഷവത്കരണത്തിനും പുനഃസുവിശേഷവത്കരണത്തിനും ആത്മാവിന്റെ അഗ്നിയഭിഷേകം അനിവാര്യമാണ്. താപസജീവിതവും വചനപ്രഘോഷണവും മുഖ്യദൗത്യങ്ങളായി ഏറ്റെടുത്തു ലോകസുവിശേഷവത്കരണത്തിനായി ജീവാർപ്പണം ചെയ്യാൻ വിളിക്കപ്പെട്ടവരാണ്ദൈവകരുണയുടെ പ്രഘോഷകരായ പിഡിഎം വൈദീകർ. 2018 ഏപ്രിൽ 24 നു പാലക്കാട് രൂപതയിലെ അട്ടപ്പാടിയിൽ പയസ് യൂണിയനായി ആരംഭിച്ച ഈ സമൂഹം ദൈവകരുണയാൽ 2021 മെയ് 30 നുമോണസ്ട്രിയായി ഉയർത്തപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷംതന്നെ 2022 ജനുവരി 1 നു പാലാ രൂപതയുടെ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആശീർവാദത്താൽ മുത്തിയമ്മയുടെ മണ്ണായ കുറവിലങ്ങാട്നിന്നും PDM Monastery പ്രവർത്തനമാരംഭിച്ചു. പാലക്കാട് രൂപതയുടെ പുറത്തുള്ള ആദ്യത്തെ മോണസ്റ്ററിയാണ്പിഡിഎം കുറവിലങ്ങാട്.

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലില്‍ അവശേഷിച്ചവരെ തേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ അതിന്‍റെ ശാഖകളില്‍ വീണ്ടും വീണ്ടും തെരയുക." (ജറെമിയ 6 : 9) എന്നരുളിച്ചെയ്ത ദൈവപിതാവിന്‍റെ ആഹ്വാനത്തിന് പ്രത്യുത്തരമായാണ്ദൈവമഹത്വത്തിനും, ആത്മാക്കളുടെ രക്ഷയ്ക്കും, ലോകസുവിശേഷവല്‍ക്കരണത്തിനും വൈദികരുടെയുംസമര്‍പ്പിതരുടെയും ശക്തീകരണത്തിനുമായി PDM താപസ സമൂഹത്തിന് ആരംഭം കുറിച്ചത്.

ഇസ്രായേലില്‍ നിന്ന് പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും.' (ഏശയ്യാ 56 : 8) പ്രവാചകന്‍ പറയുന്നതുപോലെ അവസാനത്തെ ആത്മാവിനെയും തേടിപ്പിടിക്കാനുള്ള നിയോഗമാണ് PDM താപസസമൂഹത്തിനുള്ളത്.

'ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല'.( മത്തായി 18 : 14)'. ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളിൽ വസിക്കാനുള്ളതാണോ? (ഹഗ്ഗായി 1 : 4) തുടങ്ങിയ വചനങ്ങളിലെ ഹൃദയ ഭാരം സ്വന്തം വേദനയായിഅനുഭവിച്ച് സഭയ്ക്കും ക്രിസ്തുവിനുംവേണ്ടി ആത്മാര്‍പ്പണം ചെയ്യാനാണ് ഓരോ PDM അംഗങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്.

ഈ ദൗത്യ പൂര്‍ത്തീകരണത്തിനായി ആരാധനാക്രമ കേന്ദ്രീകൃതമായ ആദ്ധ്യാത്മികത, പ്രാര്‍ത്ഥന, പരിഹാരം, ഡെലിവറന്‍സ്, വരദാനങ്ങളുപയോഗിച്ചുള്ള വചന ശുശ്രൂഷ, താപസ ജീവിതം, സ്വര്‍ഗീയ ജീവിതമുന്നാസ്വാദനമായ വ്രതബദ്ധമായ സമൂഹ ജീവിതം മുതലായവയിലൂടെ പരിശ്രമിക്കുന്നവരുടെ സമൂഹമാണ് PDM താപസ സമൂഹം..

പാലക്കാട് രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ്, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, മദർ എയ്മി എമ്മാനുവേല്‍ തുടങ്ങിയ ആത്മപാലകര്‍ക്ക് അനേകം വര്‍ഷങ്ങള്‍ക്ക്മുന്‍പേ തന്നെ ഇതിനുള്ള ആന്തരിക വിളി അനുഭവപ്പെട്ടിരുന്നെങ്കിലും 2018 ഏപ്രില്‍ 24 നാണ്ഔദ്യോഗികമായി പാലക്കാട് മുൻ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് തന്‍റെ കല്‍പന വഴിPDM സമൂഹത്തെ ഭാവിയില്‍ Monastery ആയി ഉയര്‍ത്തപ്പെടാനുള്ള പയസ് യുണിയനായി സ്ഥാപിച്ചത്. 2018 മുതൽ അട്ടപ്പാടിയിലുള്ള PDM ഹില്‍സില്‍ വിവിധ ബാച്ചുകള്‍ക്കുള്ള സെമിനാരി പരിശീലനം നടന്നുവരുന്നു.

ഉത്ഭവവും സ്ഥാപകരും

ദൈവം അനേകരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുമ്പോൾ - അബ്രാഹത്തെ അല്ലെങ്കിൽ മോശയെ, പരിശുദ്ധകന്യകാമറിയത്തെ, അല്ലെങ്കിൽ സന്ന്യാസ സഭകളുടെയോ സമൂഹങ്ങളുടെയോ സ്ഥാപകരെതെരഞ്ഞെടുക്കുമ്പോൾ - എല്ലായ്പ്പോഴും അവിടുന്ന് ചെയ്യുന്നത് ഒരു ജനതതിയെ അനുഗ്രഹിക്കുന്നതിനുവേണ്ടിയാണ്. അനേകരുടെ വിലാപത്തിനും യാചനകൾക്കുമുള്ള ഉത്തരമാണ് അഭിഷിക്തരും സമർപ്പിതരും. അവരെ വിളിക്കുന്നത് മറ്റൊന്നിനുമല്ല പിന്നെയോ ദൈവാഭിമുഖ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിനാണ്. അഥവാ ദൈവരാജ്യം നിർമ്മിക്കുന്നതിനാണ്. ഒരു വ്യക്തിക്കോ സമൂഹത്തിനോ അവിടുന്ന് അസാധാരണമായിഎന്തെങ്കിലും കൊടുക്കുന്നത് അവിടുത്തെ വാക്കുകളും അവിടുത്തെ ഇഷ്ടവും അസംഖ്യം ആത്മാക്കളിലേക്ക്പകരുന്നതിനും അവർ പുത്തൻ തീക്ഷ്ണതയോടെ അവിടുത്തെ കൃപ തേടുന്നതിനും അങ്ങനെ ദൈവഹിതംഭൂമിയിൽ നിറവേറുന്നതിനും വേണ്ടിയാണ്. ദൈവകരുണയുടെ പ്രഘോഷണം ഇക്കാലഘട്ടത്തിൽ അത്തരത്തിൽഅതീവഗൗരവമുള്ള ഒന്നാണ്. അതിനുവേണ്ടി അവിടുന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ ഒരുസമൂഹത്തെ വാർത്തെടുക്കുന്നത് അസാധാരണ സംഭവമോ ആലോചന കൂടാതെയുള്ള തീരുമാനമോ അല്ല. പിന്നെയോ, ഒരു വലിയ വൃത്തം വരയ്ക്കുന്നതിനുള്ള വിനീതമായ ആരംഭമാണ് അത്. അവരിലൂടെ ധാരാളം പേർദൈവത്തിന്റെ കരുണ അനുഭവിക്കുന്നതിനും ഉണർന്ന് പ്രശോഭിക്കുന്നതിനും അങ്ങനെ യേശുവിന്റെ സ്നേഹംപകരുന്ന സുവിശേഷാത്മക കൂട്ടായ്മ പരസ്പരം അനുഭവിച്ചു, തന്റെ കരുണയുടെ വക്താക്കളും ഉത്തമശിഷ്യരാകുന്നതിനും വേണ്ടിയുള്ള ഒരു അവസരമാണ് ദൈവം നൽകുന്നത്.

ചരിത്രത്തില്‍ ഇതിന് മുന്‍പ് സ്ഥാപിതമായിട്ടുള്ള പല സന്യാസ താപസ സമര്‍പ്പിത സമൂഹങ്ങള്‍ക്കും ഉള്ളതുപോലെ ഒരു സഥാപകനല്ല PDM താപസ സമൂഹത്തിനുള്ളത്. പരിശുദ്ധാത്മാവ് സഭയില്‍ ഇതിന് മുന്‍പ്രണ്ടോ അതിലധികമോ ആരംഭകരിലൂടെ വിവിധ സ്ഥലങ്ങളില്‍ സന്യാസ സമര്‍പ്പിത സമൂഹങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുള്ളതുപോലെ തന്നെയാണ് PDM ന്റെ കാര്യത്തിലും നിറവേറിയത്. പാലക്കാട് രൂപതയുടെ മുൻഅദ്ധ്യക്ഷൻ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ്, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, മദർ എയ്മി എമ്മാനുവേല്‍ എന്നിവരിലൂടെയാണ് PDM ഭൂമിയില്‍ സംജാതമാകാന്‍ ദൈവം തിരുമനസ്സായത്.

മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ്:

1996 ല്‍ പാലക്കാട് രൂപതാദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ പിതാവില്‍ പരിശുദ്ധാത്മാവിന്‍റെ അനന്യസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ഏവർക്കും ദൃശ്യമായിരുന്നു. രൂപതയില്‍ മറ്റനേകം കാര്യങ്ങളില്‍ എന്നപോലെ പിതാവിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യവും നയിക്കലും വെളിപ്പെട്ട ഒന്നായിരുന്നു സെഹിയോന്‍ ധ്യാനകേന്ദ്രം (1997) സ്ഥാപിക്കാനുള്ള തീരുമാനം. തുടര്‍ന്നിങ്ങോട്ട് ദശലക്ഷക്കണക്കിന് ജനങ്ങളാണ് സെഹിയോന്‍ മിനിസ്ട്രീസിലൂടെ മാനസാന്തരത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും കടന്നുവന്നത്. ഇതിലെല്ലാം ഉപരിയായ ഒരു ദൈവിക ഇടപെടലായിരുന്നു PDM ന്റെ സ്ഥാപനത്തില്‍ (2018) പിതാവിലൂടെ വെളിപ്പെട്ടത്.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, മദർ എയ്മി എമ്മാനുവേൽഎന്നിവർ പിതാവിനോടൊത്തായിരിക്കുമ്പോള്‍ പിതാവില്‍ വിളങ്ങിയിരുന്ന ദൈവസ്നേഹം, ആത്മാക്കളുടെനാശത്തിലുള്ള വേദന, തിരുസഭയുടെ നവീകരണത്തിനുവേണ്ടിയുള്ള അഭിവാഞ്ജ, വൈദികരുടെവിശുദ്ധീകരണത്തിനുവേണ്ടിയുള്ള ദാഹം, ശക്തമായ വചനപ്രഘോഷണത്തിന്‍റെ കൃപ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയെക്കുറിച്ചുള്ള ആഴമേറിയ ബോധ്യം, വരദാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യംതുടങ്ങിയവ നേരിട്ട് അനുഭവിച്ചിട്ടുള്ളവയാണ്.

സക്രാരിക്കു മുന്‍പിലിരുന്ന് ധാരാളം സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്ന പിതാവ് വ്യക്തിപരമായ ജീവിതത്തില്‍ ലളിതമായ ജീവിതം നയിക്കാന്‍ നിഷ്ഠ പുലര്‍ത്തിയിരുന്നു. ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന PDM താപസ ജീവിത ശൈലിക്ക് വേണ്ടുന്ന ആഴമായ പ്രാര്‍ത്ഥനയും, ലളിത ജീവിതവും കര്‍ത്താവ് പിതാവിൽഅടിത്തറയിടുകയായിരുന്നു.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍:

പാലക്കാട് രൂപതയില്‍ പുലാപ്പറ്റ ഇടവകയില്‍ വര്‍ഗീസ്, ത്രേസ്യ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായവട്ടായിലച്ചനെ ചെറുപ്പം മുതല്‍ ലോകനേട്ടങ്ങളോ, അധികാരങ്ങളോ, സ്ഥാനമാനങ്ങളോ, ലോകത്തിന്‍റെ മറ്റെന്തെങ്കിലുമോ സന്തോഷിപ്പിച്ചിരുന്നില്ല. മറിച്ച് ദൈവത്തെ സ്വന്തമാക്കാന്‍ വേണ്ടി ലോകത്തെ ത്യജിക്കാനുള്ളആഗ്രഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. അതോടൊപ്പം തന്നെ ആത്മാക്കളെ നേടാന്‍വേണ്ടി സഹനങ്ങള്‍ഏറ്റെടുക്കാന്‍ പരിശുദ്ധാത്മാവ് കൃപയും കര്‍മ്മോത്സുകതയും കൊടുത്തപ്പോള്‍ വൈദിക പരിശീലന കാലഘട്ടത്തില്‍ തന്നെ ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും തീക്ഷ്ണത നിറഞ്ഞ വ്യക്തിത്വവുമുണ്ടായിരുന്ന അച്ചന്‍ ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളും മറ്റ് ആത്മീയപ്രസിദ്ധീകരണങ്ങളും ഇടവകകളില്‍ കൊണ്ടുചെന്ന് കുടുംബങ്ങള്‍ തോറും ചുമന്ന് കൊണ്ടുപോയി കൊടുത്ത് ആത്മാക്കളെ യേശുവിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയോടൊപ്പം തപസ്സിനും പ്രായശ്ചിത്തത്തിനും വേണ്ടിയുള്ള തന്‍റെ ഉള്‍വിളി തിരിച്ചറിഞ്ഞ ഫിലോസഫി പഠന കാലഘട്ടത്തില്‍തന്നെ ഏതാനും സഹോദരന്മാരോടുകൂടെ വനത്തിലേയ്ക്ക് പോയി പ്രാര്‍ത്ഥിച്ച വട്ടായിലച്ചന്‍ തന്‍റെ ഈ ഉള്‍വിളിമേജര്‍ സെമിനാരി അധികൃതരോടും തിയോളജി പഠനകാലത്ത് അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ജോസഫ് ഇരിമ്പന്‍ പിതാവിനോടും പങ്കുവച്ചുകൊണ്ടിരുന്നു. വൈദികനായി ശുശ്രൂഷ ചെയ്യുമ്പോള്‍ ഇതെല്ലാംനിവര്‍ത്തിതമാകും എന്ന് പിതാവില്‍ നിന്ന് ലഭിച്ച പൈതൃക ഉപദേശം ഹൃദയപൂര്‍വം സ്വീകരിച്ച അച്ചന്‍ 1994 ല്‍പാലക്കാട് രൂപതയില്‍ വൈദികനായി.

വൈദീകനായ ശേഷം ആദ്യം ഇടവക വികാരിയായും പിന്നീട് കൃപാവര്‍ഷസമൃദ്ധി നിറഞ്ഞശക്തനായ വചന പ്രഘോഷകനായും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അച്ചന്‍ അത്യദ്ധ്വാനം ചെയ്തു. പ്രകടമായ ദൈവികശക്തി പ്രതിഫലിച്ചിരുന്ന അച്ചന്‍റെ ശുശ്രൂഷകളിലൂടെ ദൈവം വലിയ ഫലങ്ങളുളവാക്കി. ദൈവജനത്തെ വചനത്താലും പരിശുദ്ധാത്മാവിനാലും തൊട്ടുണര്‍ത്താന്‍ അച്ചനെ അവിടുന്ന് ഉപയോഗിച്ചു. അപ്പോഴും ആത്മാക്കളുടെ നാശത്തില്‍ അതീവ ദുഃഖിതനായിരുന്ന അച്ചന്‍റെ ആത്മാവിനെ പരിശുദ്ധാത്മാവ്മറ്റെന്തിനോ വേണ്ടി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മാര്‍. ജേക്കബ് മനത്തോടത്ത്പിതാവിനോട് പറയുകയും ചിലപ്പോഴെല്ലാം എഴുതി കൊടുക്കുകയും ചെയ്യുകയുണ്ടായി. ഇവയിലൂടെയെല്ലാം PDM താപസ സമൂഹം രൂപീകരിക്കാന്‍ അച്ചനെ ദൈവം ഒരുക്കുകയായിരുന്നു.

വൈദികരുടെ ധ്യാനങ്ങള്‍ നടത്തിയും, സമര്‍പ്പിതരുടെ നവീകരണത്തിനുവേണ്ടി സാഹചര്യങ്ങളൊരുക്കിയും, അല്മായരെ പരിശീലിപ്പിച്ച് അയച്ചും, അല്മായ മിഷനറി സംഘങ്ങള്‍ രൂപീകരിച്ചും, കൂടെയുള്ള വൈദികരെഒരുക്കി ലോകസുവിശേഷ വല്‍ക്കരണത്തിനുവേണ്ടി അയച്ചും, മീഡിയകളിലൂടെ ശക്തമായി ശുശ്രൂഷ ചെയ്തുംസഭയെ പ്രതികൂല സാഹചര്യങ്ങളില്‍ ശക്തിപ്പെടുത്തിയപ്പോള്‍ PDM ന്റെ വരും തലമുറകള്‍ക്കുള്ള കാരിസംഅച്ചനില്‍ തെളിയുകയായിരുന്നു. അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളിലും പിതാവിനെ അനുസരിച്ചപ്പോഴും, താമസ കാര്യങ്ങളില്‍ താപസ ജീവിതം നയിച്ചപ്പോഴും, താലന്തുകളെല്ലാം ക്രിയാത്മകമായിഉപയോഗിച്ച് ബ്രഹ്മചര്യ ജീവിതത്തില്‍ പുഷ്പിക്കാന്‍ യത്നിച്ചപ്പോഴും, എല്ലാവരെയും കൂട്ടായ്മയില്‍ ഒരുമിപ്പിക്കാന്‍ അദ്ധ്വാനിച്ചപ്പോഴും PDM താപസ സമൂഹത്തിന്‍റെ സ്ഥാപനത്തിനുവേണ്ടി അച്ചനെ ദൈവംരൂപപ്പെടുത്തുകയായിരുന്നു.

ഫാ. ബിനോയി കരിമരുതിങ്കല്‍:

കരിമരുതിങ്കല്‍ കുരുവിള, മറിയം ദമ്പതികളുടെ രണ്ടുമക്കളില്‍ ഏക ആണ്‍ സന്തതിയായ ബിനോയി അച്ചനില്‍ചെറുപ്പം മുതലേ മാതാപിതാക്കളില്‍ വിളങ്ങിയിരുന്ന നിസ്വാര്‍ത്ഥത, പ്രാര്‍ത്ഥന, ദൈവഭക്തി, സത്യസന്ധത എന്നിവയാല്‍ സംപുഷ്ടമായ ആദ്ധ്യാത്മിക ജീവിതത്തിന് പരിശുദ്ധാത്മാവ് അടിത്തറയിട്ടു. ഈശോയ്ക്കുവേണ്ടി ധീരമായി എന്തും ത്യജിക്കാനുള്ള പരിശുദ്ധാത്മ ധൈര്യം, ലോകസുഖ മോഹങ്ങളോടുള്ള വിരക്തി, തിരുസഭാസ്നേഹം, വൈദികരുടെയും സമര്‍പ്പിതരുടെയും അപജയങ്ങളില്‍ ദൈവപ്രചോദിതമായ ഹൃദയ വേദന, പരിശുദ്ധാത്മ വരദാനങ്ങളാല്‍ നിറഞ്ഞതും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതുമായ വചന ശുശ്രൂഷാഭിഷേകം, വചനബദ്ധമായ ജീവിതം, അനുസരണത്തില്‍ ആനന്ദിക്കുന്ന ഹൃദയം, ബ്രഹ്മചര്യത്തില്‍ ശക്തി കണ്ടെത്തുന്ന ശുശ്രൂഷാജീവിതം, ഒന്നും സ്വന്തമാക്കാതെ ദൈവത്തിന്‍റേത് മാത്രമായിരിക്കാനുള്ള ദാരിദ്ര്യ ചൈതന്യം തുടങ്ങിയുള്ളകൃപകളാല്‍ അനുഗ്രഹിക്കപ്പെട്ട ബിനോയി അച്ചന്‍ 2006 ല്‍ രൂപതാ വൈദികനായി എങ്കിലും അച്ചന്‍റെ ആത്മാവ് ഇതിനെല്ലാമപ്പുറം മറ്റെന്തിനോ വേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന, പരിഹാരം, വചനോപാസന, ലളിതജീവിതം, കഠിനാദ്ധ്വാനം എന്നിവയാല്‍ സംപുഷ്ടമായതും, വ്രതബദ്ധ ജീവിതത്തിന്‍റെ സന്തോഷം നിറഞ്ഞതുമായ PDM താപസ സമൂഹം 2018 ഏപ്രില്‍ 24 ന് സ്ഥാപിതമായപ്പോഴാണ് ഈ വൈദികതാപസ സമൂഹത്തിന്‍റെ രൂപീകരണത്തിനുവേണ്ടി അച്ചനെ ദൈവം ഒരുക്കിക്കൊണ്ടു വരികയായിരുന്നു എന്നത്വ്യക്തമായത്.

മേജര്‍ സെമിനാരിയിലായിരിക്കുമ്പോള്‍ തന്നെ കാലഘട്ടത്തിന്‍റെ ആവശ്യത്തിനനുസരിച്ച് വൈദിക പരിശീലനപാഠ്യ പദ്ധതിയില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ചും പുതിയ തരത്തിലുള്ള സെമിനാരി ഫോര്‍മേഷനെക്കുറിച്ചും അച്ചന്‍റെ തന്നെ അധികാരികളോടും സ്നേഹിതരോടും പലവട്ടം പങ്കുവച്ചിരുന്നു. PDM ന്‍റെ രൂപീകരണത്തിനുംവൈദിക പരിശീലനത്തിനും വേണ്ടി ദൈവം മുന്നേകൂട്ടി അച്ചനെ ഒരുക്കിക്കൊണ്ടു വരികയായിരുന്നു. തന്‍റെജീവിതത്തില്‍ ഒട്ടും തന്നെ അലസതയ്ക്ക് അടിമപ്പെടാതെ ദൈവരാജ്യത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും പരിഹാരവും വഴി ആത്മാക്കളുടെ രക്ഷയ്ക്കായി യത്നിക്കാനും വേണ്ടി അച്ചനില്‍ദൈവം ചൊരിഞ്ഞ കൃപ PDM നുള്ള പൈതൃക സ്വത്തായിരുന്നു. ഉള്‍വിളിയെ ഊതിക്കത്തിക്കത്തക്കവിധം വൈദിക ജീവിതത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ സിസ്റ്റേഴ്സിനും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ന്ന്വൈദികര്‍ക്കും ധ്യാനങ്ങള്‍ നടത്താന്‍ തുടങ്ങിയ അച്ചന്‍, അന്നത്തെ തന്‍റെ പരിമിതമായ സാഹചര്യത്തില്‍കുട്ടികളെ ഒരുമിച്ചുകൂട്ടി പുതിയ ഒരു സമൂഹത്തിന് തുടക്കം കുറിക്കാന്‍ പരിശ്രമിച്ചിരുന്നു. അവയെല്ലാം PDM യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള ദൈവവിളിയുടെ ആദ്യ രൂപങ്ങളായിരുന്നു.

മദർ എയ്മി എമ്മാനുവേല്‍:

കോതമംഗലം രൂപതയില്‍ പള്ളിക്കാമുറി ഇടവകയില്‍ വര്‍ഗീസ്, അന്നക്കുട്ടി ദമ്പതികളുടെ രണ്ടുമക്കളില്‍മൂത്തവളായി ജനിച്ച സി. എയ്മിയെ ASJM ന്‍റെയും PDM ന്‍റെയും രൂപീകരണത്തിനുവേണ്ടി ദൈവംകൊണ്ടുവന്ന വഴികള്‍ വിസ്മയാവഹങ്ങളാണ്. 1994 ല്‍ സി.എം.സി സന്യാസിനി സമൂഹത്തില്‍ തന്‍റെആദ്യവ്രത സമര്‍പ്പണം നടത്തിയ സി. എയ്മിയില്‍ ചെറുപ്പം മുതലേ ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ദൃശ്യമായിരുന്നു. തൃശൂര്‍ വിമല കോളേജില്‍ തന്‍റെ ഉപരിപഠനത്തിനിടയില്‍ പ്രകടമായ പരിശുദ്ധാത്മാഭിഷേകംലഭിച്ച സിസ്റ്ററിനെ ദൈവം സമര്‍പ്പിത ജീവിതത്തിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. മാതാപിതാക്കളുടെഎതിര്‍പ്പുകളുടെ മധ്യത്തിലും ദൈവമാര്‍ഗത്തില്‍ ചരിയ്ക്കാന്‍ ഉറച്ച തീരുമാനമെടുത്ത സിസ്റ്റര്‍ദൈവനടത്തിപ്പിന്‍റെ ഓരോ ഘട്ടത്തിലും സഹനത്തിന്‍റെ നടുവിലൂടെ കര്‍ത്താവിനെ അനുഗമിച്ചു. ആഴമായ വ്രതബദ്ധ ജീവിതവും ആദ്ധ്യാത്മികതയും കൈമുതലായ സിസ്റ്ററിൽ ആത്മാക്കളുടെ രക്ഷയ്ക്കും തിരുസഭയുടെനവീകരണത്തിനും വൈദികരുടെയും സമര്‍പ്പിതരുടെയും വിശുദ്ധീകരണത്തിനും വേണ്ടി ബലിയായിത്തീരാനുള്ളആഗ്രഹം, പരിശുദ്ധാത്മാവിന്‍റെ വരദാനാഭിഷേകം, യേശുവിന്‍റെ രണ്ടാം വരവിനുവേണ്ടി ലോകത്തെഒരുക്കാനുള്ള തീക്ഷ്ണത, മിഷനറിമാരെയും, ശുശ്രൂഷകരെയും, വൈദിക വിദ്യാര്‍ത്ഥികളെയും, സമര്‍പ്പിതരെയും പരിശീലിപ്പിച്ച് ഒരുക്കി സുവിശേഷ വേലയ്ക്ക് അയയ്ക്കാന്‍ വേണ്ടിയുള്ള ധൈര്യം, സന്യാസ സമൂഹങ്ങളുടെ നവീകരണത്തിനുവേണ്ടി ഇറങ്ങിത്തിരിക്കാനുള്ള ആഗ്രഹം തുടങ്ങി ഒട്ടനവധി വിശേഷ കൃപകളാല്‍ നിറച്ച് PDM ന്‍റെ രൂപീകരണത്തിനുവേണ്ടി ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ഒരുക്കുകയായിരുന്നു.

തന്‍റെ ഉള്‍വിളി സി. എയ്മി സമയാസമയങ്ങളില്‍ നൊവിസ് മിസ്ട്രസിനെയും പ്രൊവിന്‍ഷ്യലിനെയുംഅറിയിച്ചുകൊണ്ടിരുന്നു. നിത്യവ്രതത്തിന് മുന്‍പുതന്നെ ഉള്ളിലുള്ള ഉല്‍ക്കടമായ ഈ ആഗ്രഹം ഉന്നതാധികാരികളെ പലവട്ടം അറിയിച്ചുവെങ്കിലും 2007 ലാണ് അനുകൂലമായ ഒരു തീരുമാനമുണ്ടായത്. അന്നത്തെ സുപ്പീരിയര്‍ ജനറലായ മദര്‍ എഡ്വേര്‍ഡ്, സിസ്റ്ററിന്‍റെ ഉള്‍വിളി വിവേചിച്ചറിയുകയും, കൂടുതല്‍വ്യക്തത ലഭിക്കാനായി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.

ഈശോയോടുള്ള സ്നേഹത്താല്‍ പ്രേരിതമായി, ഈ ലോക സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് പരുക്കന്‍ ജീവിതസാഹചര്യങ്ങളെ സ്വമനസ്സാ സ്വീകരിച്ചും, ഭക്ഷണം, താമസം, വസ്ത്രം, യാത്ര തുടങ്ങി ജീവിതത്തിന്‍റെ എല്ലാമണ്ഡലങ്ങളിലും നിയമാനുസൃതം അനുവദിക്കപ്പെട്ടിരിക്കുന്നതുപോലും ഉപേക്ഷിച്ച്, തീര്‍ത്തും പരിഹാരപൂര്‍ണമായ ജീവിതം നയിച്ചും, വൈദികരുടെയും സന്യസ്തരുടെയും മാനസാന്തരത്തിനും ശക്തീകരണത്തിനും അഭിഷേകത്തിനും വേണ്ടി സിസ്റ്റര്‍ ജീവിച്ചു. PDM ലൂടെ ദൈവം ആഗ്രഹിക്കുന്ന വൈദിക സമര്‍പ്പിതസമൂഹങ്ങളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനുമുള്ള താപസ ജീവിത രീതിക്ക് അങ്ങനെ കര്‍ത്താവ് അടിസ്ഥാനമിടുകയായിരുന്നു. തുടരെത്തുടരെയുള്ള ജാഗരണ പ്രാര്‍ത്ഥനകളും പരിശുദ്ധ കുര്‍ബാനയ്ക്ക്മുന്‍പില്‍ ദീര്‍ഘ നേരമുള്ള ധ്യാന നിരതമായ പ്രാര്‍ത്ഥനയും നടത്തിക്കൊണ്ടിരുന്ന സിസ്റ്ററിലൂടെ ദൈവം PDM ന്‍റെ ദൈവൈക്യത്തിലുള്ള ജീവിതത്തിന്‍റെയും ലോകത്തിനുവേണ്ടി മദ്ധ്യസ്ഥം വഹിച്ചുള്ള പ്രാര്‍ത്ഥനയുടെയും ചൈതന്യം തുറക്കുകയായിരുന്നു.

ആത്മാക്കളെ തേടിപ്പിടിക്കാനും, കൃപ നിറഞ്ഞ വചന പ്രഘോഷണത്തിലൂടെ ആത്മാക്കളെ ഒരുമിച്ചുകൂട്ടാനും വരദാനങ്ങള്‍ നിറഞ്ഞ ശുശ്രൂഷയിലൂടെ വൈദികരെയും സമര്‍പ്പിതരെയും ദൈവൈക്യത്തിലേക്കുയര്‍ത്താനും സിസ്റ്ററില്‍ വിളങ്ങിയിരുന്ന കൃപാവരങ്ങള്‍ PDM ന്‍റെ തന്നെ അടിസ്ഥാന കാരിസങ്ങളായിരുന്നു.


സ്ഥാപകരെ ദൈവം ഒരുമിച്ച് ചേര്‍ത്തതും PDM ന്‍റെ രൂപീകരണവും:

വിവിധ കാലങ്ങളില്‍, വിവിധ സ്ഥലങ്ങളില്‍ വിവിധങ്ങളായ വിധത്തില്‍ PDM ന്‍റെ രൂപീകരണത്തിനുവേണ്ടി ദൈവം ഒരുക്കിയ നാലുപേരും ദൈവനിയോഗത്താല്‍ സമയത്തിന്‍റെ പൂര്‍ണതയില്‍ ആത്മാവിനാല്‍ ഒരുമിച്ച്ചേര്‍ക്കപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് ദൈവപരിപാലനയില്‍ 1996 ല്‍ പാലക്കാട് രൂപതയുടെ മെത്രാനായിനിയോഗിക്കപ്പെട്ടു. 1997 ല്‍ വട്ടായിലച്ചനെ ദൈവത്തിന്‍റെ ആത്മാവ് അഭിവന്ദ്യ പിതാവിലൂടെ സെഹിയോന്‍ധ്യാനകേന്ദ്രം സ്ഥാപിക്കാനായി അട്ടപ്പാടിയില്‍ താവളത്തേയ്ക്ക് നിയോഗിച്ചു. 2007 ല്‍ മദർ എയ്മികര്‍ത്താവിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനെന്നപോലെ അട്ടപ്പാടി സെഹിയോനിലേയ്ക്ക് എത്തിച്ചേര്‍ന്നു. 2009 ല്‍ ബിനോയി അച്ചന്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ അസി. ഡയറക്ടറായിനിയമിതനായത്, PDM രൂപീകരണ ചരിത്രത്തിലെ ഒരു നിര്‍ണായക സംഭവമായിരുന്നു.

നാലുപേരും അവരവരുടെ ജീവിതാന്തസ്സിനനുസരിച്ച ശുശ്രൂഷകളില്‍ പൂര്‍ണമായി മുഴുകുമ്പോഴും കാലഘട്ടത്തിനപ്പുറത്തേക്കുള്ള ദൈവത്തിന്‍റെ ദൗത്യ പൂര്‍ത്തീകരണത്തിനായി ഈ നാലുപേരിലുമുള്ള ദൈവനിയോഗം വ്യക്തമാകത്തക്ക വിധമുള്ള സംഭവങ്ങള്‍ ദൈവപരിപാലനയാല്‍ നിറവേറിക്കൊണ്ടേയിരുന്നു. അതിന്‍റെ ഫലമായി ഈ ഉള്‍വിളിയെക്കുറിച്ച് പരസ്പരം കണ്ടുമുട്ടുമ്പോഴും ഒരുമിച്ചുകൂടുമ്പോഴും കൂടെക്കൂടെ പങ്കുവയ്ക്കുകയും ഈ നിയോഗത്തിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതേസമയം തന്നെ ആരോടും ഇക്കാര്യത്തെക്കുറിച്ച് പ്രത്യേകം ഒന്നും പറയാതെ തന്നെ ധാരാളം യുവജനങ്ങള്‍ അട്ടപ്പാടിയില്‍ വൈദികനാകണമെന്ന ആഗ്രഹത്തോടെ വന്നു ചേര്‍ന്നുകൊണ്ടിരുന്നു. ഇത് ദൈവം നല്‍കുന്ന ഒരു അടയാളമായി ആത്മപാലകരായ നാലുപേര്‍ക്കും ബോധ്യപ്പെട്ടു. 2015 ജൂണ്‍ 30 ന് പാലക്കാട് രൂപതാ വൈദികരുടെ ത്രൈമാസസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ആദ്യമായി രൂപതാ വൈദികരുമായി അവർ പങ്കുവെച്ചു. രൂപതാധ്യക്ഷനായമനത്തോടത്ത് പിതാവിന്‍റെ നിര്‍ദ്ദേശാനുസരണം അത് വീണ്ടും പ്രാര്‍ത്ഥനയ്ക്ക് വച്ചു. തുടര്‍ന്നുള്ള രണ്ട്വര്‍ഷക്കാലം ആത്മപാലകർ പ്രാര്‍ത്ഥിച്ചതിനോടൊപ്പം AFCM മിഷനറിമാരും സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെശുശ്രൂഷകരും ASJM സിസ്റ്റേഴ്സും ദൈവത്തിന്‍റെ ഈ നിയോഗത്തെ സ്നേഹിച്ച മറ്റു വൈദികരും ദൈവഹിതം വെളിപ്പെടാനും നടപ്പാകാനും വേണ്ടി ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. 2017 ഏപ്രില്‍ 04 ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍മാത്രം വിളിച്ചുകൂട്ടിയ പാലക്കാട് രൂപതാ വൈദികരുടെ മീറ്റിംഗില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. അവസാനംവൈദിക സമൂഹം പിതാവിനെ ഉചിതമായ തീരുമാനമെടുക്കാന്‍ ഏല്പ്പിച്ചു. 2018 ഏപ്രില്‍ 24 ന് മാര്‍ ജേക്കബ്മനത്തോടത്ത് പിതാവ് PDM ഭാവിയിൽ മോണസ്റ്ററിയാകാനുള്ള ഒരു പയസ് യൂണിയനായി സ്ഥാപിച്ചുകൊണ്ടുള്ളഡിക്രി പുറപ്പെടുവിച്ചു. 2021 മെയ് 30 ന് മേജർ ആർച്ചു ബിഷപ്പിന്റെ അനുവാദത്തോടെ മാർ ജേക്കബ്മനത്തോടത്ത് പിതാവ് PDM നെ സീറോ മലബാർ സഭയിലെ മോണസ്റ്ററിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രിപുറപ്പെടുവിച്ചു. അട്ടപ്പാടിയിൽ കൂടാതെ കുറവിലങ്ങാട്, തൃശൂർ എന്നിവടങ്ങളിലാണ്‌ മറ്റു താപസഭവനങ്ങൾ PDM ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

PDM Timeline

2018 April 24 : PDM Founded as a Pious Union in Syro-Malabar Church

2018 Dec 4 : PDM Monastery at Attappadi PDM Hills

2020 May 31 : PDM Ruha Mount Monastery

2021 May 30 : PDM Pious Union Erected as a Monastery

2022 January 1 : PDM Monastery initiated at Kuravilangad

2022 Nov 5 : PDM Centre at Kuravilangad for Apostolic Ministry

image-1
St Joseph Statue Monastery
image-1
Hermitage View
image-1
PDM Gate
image-1
PDM Hermitage
image-1
Long View
image-1
PDM Monastic House
image-1
Hermitage View
image-1
Koodaram
image-1
Pdm Monastic Chapel